Friday 21 May 2021

അമാവാസി

നിഷ: ആര്‍ഷേ, ബ്ലോഗ്‌ അവലോകനം എവിടം വരെയായി?

ആര്‍ഷ: അവലോകനം! അവലോസുണ്ട!! നിഷേച്ചീ, ഈ ചതി എന്നോട് വേണ്ടായിരുന്നു. നിങ്ങള്‍ വോട്ടിട്ട് ഒരു ഭ്രാന്തനെ ജയിപ്പിച്ചു വിട്ടേച്ച് മറ്റുള്ളവര്‍ക്കാ പണി ആയത്! ആ ബ്ലോഗ്‌ പണ്ടേ വിട്ടതാ. ഏതാണ്ട് ദേഷ്യപ്പക്ഷികളിലെ തിരിച്ചിലാന്‍റെ അവസ്ഥ!

നിഷ: ഇനീപ്പോ എന്ത് ചെയ്യും? അസ്രൂസ്‌ വരച്ചും കഴിഞ്ഞല്ലോ!

ആര്‍ഷ: അസ്രൂസ്‌ ഇരുമ്പുഴി മിക്കവാറും എന്നെ ഇരുമ്പഴിയില്‍ ആക്കും. ഭ്രാന്തനാണേല്‍ കാണുന്ന പോലെ തന്നാ കടുകട്ടി. ഇന്നാള് ഫെയ്സ് ബുക്കില്‍ ഇങ്ങേരുടെ പടം കണ്ടിട്ട് മോന്‍ ചോദിക്ക്യാ ഈ ഗബ്ബര്‍ സിംഗ് അമ്മേടെ ഫ്രണ്ട് ആണോന്ന്!!

നിഷ: ഹ ഹ ഹ.... ആശാന്‍ അത്രയ്ക്ക് കടുപ്പം ഒന്നും അല്ല ട്ടോ. മൂപ്പരുടെ ശുനകഭോജനം വായിച്ചിട്ടുണ്ടോ?

ആര്‍ഷ: അത് ആദ്യത്തെ പോസ്റ്റല്ലേ? തലക്കെട്ട്‌ കണ്ടപ്പോഴേ തല കറങ്ങി. ഒരു സുകുമാര്‍ അഴീക്കോട് ടച്ച്.

നിഷ: അയ്യോ അതങ്ങനെയല്ല. ആ മുന്‍വിധി മാറ്റിവച്ചു വായിച്ചു നോക്കൂ. ശുനകഭോജനത്തിൽ മനുഷ്യതിന്മകളെ ഒരു ശുനകന്‍റെ കാഴ്ചയിലൂടെയാണ് ഈ ഭ്രാന്തൻ അവതരിപ്പിക്കുന്നത്. ഇതിൽ ഒരു ശുനകൻ ഓടുകയാണ്, കൊടും ക്രൂരതകളിലൂടെ. ആദ്യം ഓടുന്നത് തന്‍റെ വംശത്തിൽത്തന്നെ പെട്ടതെങ്കിലും, മനുഷ്യ സഹവാസത്താൽ കായികശേഷിയും അഹങ്കാരവും സ്വായത്തമാക്കിയ, മറ്റു തെരുവുനായ്ക്കളിൽ നിന്നും രക്ഷപ്പെടാനാണ്. പിന്നെ ഓടുന്നത് വെറും നേരമ്പോക്കിന് മാത്രമായി തെണ്ടിപ്പിള്ളേർ എറിയുന്ന കല്ലുകളിൽ നിന്നും ഒഴിഞ്ഞുമാറാൻ. സാങ്കേതികമായി അവരും ആ തരുവ് നായും തുല്യരാണെങ്കിലും, മനുഷ്യസഹജമായ ക്രൂരതയോടുള്ള അഭിനിവേശം, അവരെക്കൊണ്ട് അത് ചെയ്യിക്കുന്നു. തെരുവിന്‍റെ സന്തതികളിലും ഉച്ചനീചത്വങ്ങൾ!! വിശപ്പും ദാഹവും കൊണ്ട് വലഞ്ഞ അവർ ഒരു വീട്ടിലെ പൈപ്പിൻ ചുവട്ടിലേക്ക്‌ വലിഞ്ഞു ചെല്ലുന്നത് ഒന്ന് നാവു നനക്കാനാണ്. അവനെ അവിടെ നിന്നും തുരത്തുന്നത് ഒരു വളർത്തുനായ് - അവന്‍റെ വർഗ്ഗത്തിലെ "ഉന്നത കുലജാതൻ". നായ്ക്കളിലും വർഗ്ഗീയത!! ഒടുവിൽ അവൻ ചെന്നു നിൽക്കുന്നത് എന്തോ ഭക്ഷണപ്പൊതിയാണെന്ന് കരുതി കുഴിച്ചെടുക്കുന്ന തുണിക്കെട്ടിലെ കുഞ്ഞിന്‍റെ മൃതശരീരത്തിനു മുൻപിലാണ്. അവിടെ ആ നായ്ക്കു തോന്നിയ വികാരം പോലും അതിനെ ഇല്ലായ്മ ചെയ്ത് കുഴിച്ചിട്ട മനുഷ്യർക്ക്‌ തോന്നിയില്ലല്ലോ എന്ന് വരികളിൽ ഇല്ലെങ്കിലും സ്പഷ്ടമാകുന്നു. അടുത്ത കാലങ്ങളിൽ നടന്ന കുടുംബത്തിന്‍റെ മാനം രക്ഷിക്കുന്നതിനായി നടത്തപ്പെട്ട സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും "ദുരഭിമാന" കൊലപാതങ്ങളിൽ ഒന്നിനെയും വരികൾക്കിടയിൽ നമുക്കിതിൽ വായിച്ചെടുക്കാൻ സാധിക്കും.

ആര്‍ഷ: ഓഹോ! അപ്പൊ അതങ്ങിനെ ആണല്ലേ?

നിഷ: അതിന്‍റെ അടുത്ത പോസ്റ്റും ഉഗ്രനാ.

ആര്‍ഷ: ആ തമിഴ്‌ പോസ്റ്റല്ലേ? തമിഴ്‌ നമുക്ക് നഹി മാലൂം....

നിഷ: ഒരു ഉൾനാടൻ തമിഴ് ഗ്രാമത്തിന്‍റെ പശ്ചാത്തലത്തിൽ എഴുതിയ ഏയ്‌ എന്ന കഥയിലെ തമിഴ്‌ വളരെ ലളിതമാണ്. താഴെ കൊടുത്തിരിക്കുന്ന ശബ്ദ സൂചിക ഇല്ലെങ്കില്‍ കൂടി സാഹചര്യങ്ങളില്‍ നിന്ന് തന്നെ കാര്യം മനസ്സിലാകും. പിന്നെ കൃത്യമായ അര്‍ഥം അറിയാന്‍ ആ ശബ്ദ സൂചിക ഉപകാരപ്പെടും എന്ന് മാത്രം. ഇതിലെ വസന്ത ഒരല്പം പിടി തരാത്ത കഥാപാത്രമാണ്. രണ്ടു തരത്തിൽ അവളെ ഇതിൽ വായിച്ചെടുക്കാം. ഒന്ന്, ഭർത്താവുപേക്ഷിച്ച ഒരു തന്‍റെ സ്വകാര്യതയിലേക്ക് അനുനയത്തിലൂടെ കടന്നു കയറാൻ ശ്രമിക്കുന്നയാളെ എയ്ഡ്സുണ്ടെന്ന് പറഞ്ഞ് കബളിപ്പിക്കുന്ന സമർത്ഥയായ സ്ത്രീ. മറ്റേത്, മുല്ലപ്പൂവിനും ജിലേബിക്കുമൊപ്പം അമിതാസക്തിയുടെ മഹാരോഗവും സമ്മാനമായി ലഭിച്ചതുകൊണ്ട് ഭർത്താവൊഴിഞ്ഞു പോയിട്ടും ഇഷ്ടപ്പെട്ടാൽ കൂടി മറ്റൊരു പുരുഷനൊത്ത് കഴിയാൻ വിധിച്ചിട്ടില്ലാത്ത ഒരു സാധാരണ സ്ത്രീ. ആരാവണം എന്നത് വായനക്കാർക്ക് വിട്ടു കൊടുത്തിരിക്കുന്നു. 

ആര്‍ഷ: ദേ വന്നു അടുത്തത് ഇന്‍ത കാഫിര്‍ ഇപ്രാവശ്യം അറബിയാ. നഹി നഹി മാലൂം. ഇങ്ങേരെന്താ നരസിംഹ റാവുവോ? താഴെ ശബ്ദ സൂചിക ഉണ്ടായത് കൊണ്ട് കാര്യം മനസ്സിലായി.

നിഷ: കുറച്ചു ലളിതമായ അറബി വാക്കുകള്‍ പ്രയോഗിച്ചിട്ടുണ്ടെന്നെയുള്ളൂ. അര്‍ഥം മനസ്സിലാക്കാന്‍ താഴെ കൊടുത്ത ശബ്ദസൂചിക വേണ്ടി വരില്ല. എന്നാലും കൃത്യമായ അര്‍ത്ഥം അറിയാന്‍ അതുപകരിക്കും. ഗള്‍ഫ്‌ ജീവിതം – അതൊരു പ്രഹേളികയാണ്. ആട് ജീവിതം മുതല്‍ ആഡംബര ജീവിതം വരെ അവിടത്തെ ആളുകളില്‍ നിന്നും കേള്‍ക്കാം. ഇതും വ്യതസ്തമല്ല. ഒരു വ്യക്തിയുടെ ജീവിതത്തിലെ മതം മാറുന്നതിനു മുന്‍പുള്ള ഗള്‍ഫ്‌ ജീവിതത്തിലെ കറുത്ത ഏടും അതിനു ശേഷമുള്ള താരതമ്യേന നിറം കൂടിയ ഏടും ഇതില്‍ കാണാം. ഇതും ഒരുപക്ഷേ അവിടത്തെ വൈവിധ്യമായ ജീവിതാനുഭവങ്ങളില്‍ ഒന്നാകാം. ഇവിടെ എടുത്ത് പറയേണ്ട ഒരു കാര്യം മതം മാറ്റത്തിന് മുന്‍പ് അയാള്‍ അവിടെ കാഫിര്‍ ആയിരുന്നെങ്കില്‍ അതിനു ശേഷം അയാള്‍ ജന്മനാട്ടില്‍ കാഫിര്‍ ആകുന്നു എന്നതാണ്.

ആര്‍ഷ: ഇത് നമ്മള്‍ ചേര്‍ക്കുന്നത് വിവാദമാകുമോ?

നിഷ: പറയാന്‍ പറ്റില്ല്യ. പക്ഷേ ഇതിലും സത്യാവസ്ഥ ഇല്ലാതില്ല. ചില ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വ്വതീകരിച്ച് അതുപോലുള്ള എല്ലാവരെയും അതിന്‍റെ വക്താക്കളെന്ന് മുദ്രകുത്തുന്ന ഒരു ദുഷിച്ച സാമൂഹ്യ വ്യവസ്ഥ ദുഃഖപൂര്‍ണ്ണമെങ്കിലും നിലവിലുണ്ട്. ഭ്രാന്തന്‍റെ തീവ്രവാദി എന്ന കഥയും ഏതാണ്ടിതുപോലെ തന്നെയാണ്.

ആര്‍ഷ: അത് ഞാന്‍ വായിച്ചിരുന്നു. ഒരു ആളൊഴിഞ്ഞ വീട്ടില്‍ ഒരാള്‍ വന്നു താമസിക്കുകയും അയാളെ തീവ്രവാദി എന്ന് മുദ്രകുത്തി സത്യാവസ്ഥ എന്തെന്ന് പോലും അറിയാന്‍ ശ്രമിക്കാതെ വെടി വച്ച് കൊല്ലുകയും ചെയ്യുന്ന കഥയല്ലേ?

നിഷ: അത് തന്നെ. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇത്തരം കൊലപാതകങ്ങള്‍ നിത്യസംഭവങ്ങള്‍ ആണ്. അവിടങ്ങളില്‍ കൊലപ്പെടുത്തിയതിനു ശേഷം ഒരു സാധാരണ കൈത്തോക്ക് മൃതശരീരത്തിന് അടുത്ത് നിക്ഷേപിച്ച് ഫോട്ടോ എടുക്കും. അതാണ്‌ പിന്നീട് തൊണ്ടി ആയി ആ പാവത്തിനെ തീവ്രവാദി, അവിടത്തെ പ്രയോഗത്തില്‍ മാവോവാദി, നക്സലൈറ്റ്‌, ആക്കി മാറ്റുന്നത്.

ആര്‍ഷ: എല്ലായിടത്തും നഗ്നമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നു. എന്നാല്‍ മനുഷ്യാവകാശ പ്രവര്‍ത്തകരാകട്ടെ നെല്ലും പതിരും തിരിച്ചറിയാനാവാതെ വെറുതെ ഇരുട്ടിൽ തപ്പുന്നു!!

നിഷ: അത് തന്നെ. അതിലെ ചില രചനകള്‍ ഭ്രാന്തന്‍ എന്ന ലേബല്‍ ഉള്ളതുകൊണ്ട് മാത്രം പറയാവുന്ന തരത്തില്‍ എഴുതിയവയാണ്. തന്റെ തീവ്രമായ ചിന്തക്കും ഭാഷക്കും ഭ്രാന്തന്‍ എന്ന പേരിലൂടെ മുന്‍കൂര്‍ ജാമ്യം എടുക്കുന്ന രീതി. ഭ്രാന്തന്റെ പുലമ്പലുകള്‍, വേശ്യയുടെ സൈബര്‍ തെരുവ് പ്രസംഗം, തീവ്ര ഭ്രാന്ത്‌ എന്നിവ ഉദാഹരണങ്ങള്‍. തനിക്ക് പറയാനുള്ളവ ധീരമായി തന്നെ വിളിച്ചു പറയാന്‍ അതിലൂടെ അംജതിനു കഴിയുന്നു, അതേ സമയം ആര്‍ക്കും ഒരു മുഷിവും ഉണ്ടാകുന്നുമില്ല.

ആര്‍ഷ: അപ്പോള്‍ ഈ ഭ്രാന്തന്‍ ആളു കൊള്ളാം ല്ലേ?

നിഷ: എങ്കില്‍ പോയി നല്ലകുട്ടിയായി അവലോകനം എഴുതി മുഴുവനാക്ക്.

ആര്‍ഷ: ഇനീപ്പോ എന്തോന്ന് എഴുതാന്‍. ഈ ചാറ്റ് അങ്ങനെ പ്രസിദ്ധീകരിച്ചാല്‍ പോരെ? ;P

നിഷ: അമ്പടി കേമീ... :D

ബ്ലോഗ്‌ അഡ്രസ്‌: http://amaavaasi.blogspot.in/